കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദുമ എംഎല്‍എയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ കേസില്‍ പീതാംബരന്‍ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്ത് ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ കൈമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രഞ്ജിത്തുകൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.