ന്യൂഡല്‍ഹി(www.mediavisionnews.in): ഇന്ത്യയിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ എണ്ണം 2,293. കേട്ട് അമ്പരക്കേണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് പത്തിന് ഒരുദിവസം മുമ്പുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള കണക്കാണിത്. അതില്‍ 149 എണ്ണം രജിസ്‌റ്റര്‍ ചെയ്‌തതാവട്ടെ ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കലായളവിലും. അംഗീകാരമുള്ള ഏഴ് ദേശീയ പാര്‍ട്ടികളും അംഗീകാരമുള്ള 59 സംസ്‌ഥാന പാര്‍ട്ടികളും അടക്കമാണിത്.
ഈ വര്‍ഷം ഫെബ്രുവരി വരെ 2,143 രാഷ്‌ട്രീയ പാര്‍ട്ടികളാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കല്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. മധ്യപ്രദേശ്,രാജസ്‌ഥാന്‍, തെലങ്കാന, മിസോറം, ചത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളില്‍ കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഇവയില്‍ 58 എണ്ണം രജിസ്‌റ്‌ര്‍ ചെയ്‌തത്.
രജിസ്‌റ്റര്‍ ചെയ്‌തതെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്തരാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സ്വന്തമായ ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. തെരഞ്ഞെടുപ്പ് സമിതി നല്‍കിയിട്ടുള്ള സൗജന്യചിഹ്നങ്ങളില്‍നിന്ന് ഇവര്‍ തെരഞ്ഞെടുക്കേണ്ടിവരും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒടുവിലത്തെ വിജ്‌ഞാപനം അനുസരിച്ച് ഇത്തരത്തില്‍ 84 സൗജന്യചിഹ്നങ്ങളുണ്ട്. ദേശീയതലത്തിലോ സംസ്‌ഥാനതലത്തിലോ തെരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ നിയമസഭാ/ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പോള്‍ ചെയ്യുന്ന വോട്ടിന്റെ നിശ്‌ചിതശതമാനം രാഷ്‌ട്രീയപാര്‍ട്ടികള്‍ കൈവരിക്കണമെന്നാണ് ചട്ടം. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവന ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന ആശങ്കയേത്തുടര്‍ന്ന് 2005നും 2015നും ഇടയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത 255 അംഗീകാരമില്ലാത്ത പാര്‍ട്ടികളെ പട്ടികയില്‍നിന്നൊഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
രാഷ്‌ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെങ്കിലും അവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കമ്മിഷന് അവകാശമില്ല. അത്തരത്തില്‍ അധികാരം നല്‍കണമെന്ന കമ്മിഷന്റെ ആവശ്യം നിയമമന്ത്രാലയത്തിന്റെ അനുമതി കാത്തുകഴിയുകയാണെങ്കിലും നിര്‍ജീവമായ, അല്ലെങ്കില്‍ ദീര്‍ഘകാലമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം കമ്മിഷന് അധികാരമുണ്ട്.