നാഥനില്ലാതെ മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് ജൂണിലോ ജൂലൈയിലോ മാത്രം

0
229

കാസര്‍കോട്(www.mediavisionnews.in): കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ചിട്ടും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന്‍റെ നിരാശയിലാണ് മണ്ഡലത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും വോട്ടര്‍മാരും. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ച് കെ.സുരേന്ദ്രന്‍ കേരള ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഹർജി തീർപ്പാക്കിയതായുള്ള ഹൈക്കോടതി വിജ്ഞാപനം വരാത്തതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തടസ്സമായത്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗിലെ പിബി അബ്ദുൾ റസാഖ് നിലനിർത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ ലീ​ഗ് സ്ഥാനാർത്ഥിയുടെ വിജയം കള്ളവോട്ടിലൂടെയാണെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ വാദം തുടരുന്നതിനിടെ ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരിച്ചു.

ഇതോടെ കേസ് ഇനിയും തുടരാന്‍ താത്പര്യമുണ്ടോയെന്ന് കേരള ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചു. എന്നാല്‍ കേസില്‍ താന്‍ ജയിക്കുമെന്നും അതിനാല്‍ പിന്മാറുന്നില്ലെന്നുമായിരുന്നു സുരേന്ദ്രന്‍റെ മറുപടി. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹര്‍ജി പിന്‍വലിക്കാനായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

എതിര്‍കക്ഷികളുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം മൂലം സാക്ഷികളെല്ലാം മൊഴി മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നായിരുന്നു പാർട്ടികളുടെ പ്രതീക്ഷ എന്നാൽ ഹർജി തീർപ്പാക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഹൈക്കോടതിയിൽ പൂർത്തിയാവാതെ വന്നതോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി.

മാർച്ച് 20-ന് പിബി അബ്ദുൾ റസാഖ് അന്തരിച്ചിട്ട് അഞ്ച് മാസം പൂർത്തിയാവും. ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഒരു സീറ്റിൽ ഒഴിവ് വന്നാൽ അവിടെ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി അടുത്ത ജനപ്രതിനിധിയെ തെരഞ്ഞെടുക്കണം. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ് കേന്ദ്ര-സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷനുകൾ ഇതിന്റെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയുമൊക്കെയായി ജൂൺ ആദ്യവാരം വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിലായിരിക്കും. ഇനി ജൂൺ അവസാനമോ ജൂലൈ മാസത്തിലോ മാത്രമേ മഞ്ചേശ്വരത്ത് ഉപതെര‍ഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here