ഉപ്പള (www.mediavisionnews.in) : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന് നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനേഴാം ദിനമായ ഇന്നലെ നടന്ന മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പളയെയാണ് നാഷണല്‍ ചെമ്പിരിക്ക ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷണല്‍ കാസര്‍കോടിന്റെ മുന്നേറ്റ താരം നൂറുദ്ദീനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ഇന്നലത്തെ മത്സരത്തിലെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ നാഷണല്‍ ചെമ്പിരിക്ക അഞ്ച് കളികളില്‍ ഒമ്പത് പോയിന്റോടെ മൂന്നാം സഥാനത്തേക്ക് ഉയര്‍ന്നു. എം.എസ്.സി മൊഗ്രാല്‍ അഞ്ച് കളികളില്‍ പത്ത് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. അഞ്ച് കളികളില്‍ ഒമ്പത് പോയിന്റുള്ള നാഷണല്‍ കാസര്‍കോട് രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് കളികളില്‍ ഏഴ് പോയിന്റുമായി മിറാക്കിള്‍ കമ്പാര്‍ നാലാം സ്ഥാനത്തും നാല് കളികളില്‍ ആറ് പോയിന്റുമായി ബാജിയോ ഫാന്‍സ് ഉദുമ അഞ്ചാം സ്ഥാനത്തും എത്തി നില്ക്കുന്നു. നാല് വീതം പോയിന്റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തും ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തും നില്ക്കുന്നു.
അഞ്ച് റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചിട്ടും ഒരു ടീമിനും വ്യക്തമായ ആധിപത്യമില്ലത്ത സഥിതിക്ക് സോണ്‍ ചാംപ്യനെ അറിയാന്‍ അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടി വരും. ബ്ളേസ് തളങ്കരയ്ക്കും സിറ്റിസണ്‍ ഉപ്പളക്കും സീനിയര്‍ ഡിവിഷനില്‍ നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇനിയുള്ളത്. മറ്റ് അഞ്ച് ടീമുകള്‍ക്കും ചാംപ്യന്‍പട്ടം കരസ്ഥയാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ചാംപ്യന്‍ഷിപ്പില്‍ ഇനി നിര്‍ണായകമായ മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്.
നോര്‍ത്ത് സോണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം സൗത്ത് സോണിലെ ഒന്നാം സ്ഥാനക്കാരായ ഷൂട്ടേഴ്സ് പടന്നയുമായി ഫൈനലില്‍ ഏറ്റുമുട്ടും. ഉപ്പളയിലാണ് ഈ പ്രാവശ്യത്തെ ഫൈനല്‍ മത്സരം അരങ്ങേറുക.
ചാംപ്യന്‍ഷിപ്പില്‍ ഇന്നും നാളെയും മത്സരം ഉണ്ടായിരിക്കുന്നതല്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പിലെ പതിനെട്ടാം മത്സരം ബുധനാഴ്ച നടക്കും. ബുധനാഴ്ചത്തെ പോരാട്ടത്തില്‍ നാഷനല്‍ കാസര്‍കോട് ബാജിയോ ഫാന്‍സ് ഉദുമയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.