ജിദ്ദ(www.mediavisionnews.in): കുഞ്ഞിനെ മാതാവ് വിമാനത്താവളത്തിൽ മറന്നുപോയതിനാൽ സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപൂർവ സംഭവം. ജിദ്ദയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് പറന്ന എസ് വി832 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന മാതാവ് വിമാനം പറന്നുയർന്ന ശേഷമാണ് തന്റെ കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉടൻ പൈലറ്റ് വിമാനത്താവളത്തിലെ ഒാപറേഷൻ മുറിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിച്ച ശേഷം വിമാനം കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ ഇറക്കുകയായിരുന്നു.
വിമാനം തിരിച്ചിറക്കാനുള്ള അനുമതി ചോദിച്ചു പൈലറ്റ് വിമാനത്താവളത്തിലെ എടിസി ഒാപറേഷനിലേയ്ക്ക് സന്ദേശം കൈമാറുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിട്ടുണ്ട്. പൈലറ്റിന്റെ സന്ദേശം കൈപ്പറ്റിയ ഉടൻ ഇത്തരം സാഹചര്യത്തിൽ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഒരു ഉദ്യോഗസ്ഥൻ സഹപ്രവർത്തകനോട് ആരായുന്നതും ഇക്കാര്യം ഒന്നുകൂടി ഉറപ്പാക്കാൻ ഒാപറേറ്റർ നിർദേശിക്കുന്നതുമായ ഒാപറേഷന്‍ മുറിയിലെ സംസാരത്തിന്റെ വിഡിയോയാണിത്.
വിമാനം തുടർന്ന് യാത്ര ചെയ്യാൻ യാത്രക്കാരി സമ്മതിക്കുന്നില്ലെന്നും പൈലറ്റ് പറയുന്നു. ശരി, തിരിച്ചിറക്കിക്കോളൂ, തങ്ങൾക്കിത് ആദ്യത്തെ സംഭവമാണെന്നു പറഞ്ഞ് ഒാപറേഷൻ മുറിയിലെ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു. ഇൗ സ്ഥിതിവിശേഷത്തെ അടിയന്തരമായി പരിഗണിച്ച പൈലറ്റിന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.