കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 നേതാക്കൾ നിവേദനം നൽകി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മറച്ചുവച്ചെന്നാണ് പ്രവർത്തകരുടെ പരാതി. പാര്‍ട്ടി നേതൃത്വത്തെ ഡിസിസി പ്രസിഡന്റ് തെറ്റിദ്ധരിപ്പിച്ചെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥിപ്പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റൈയെ ഒഴിവാക്കാൻ കാരണം ജില്ലാനേതൃത്വത്തിലെ പടലപിണക്കമാണെന്നാണ് ആരോപണം. പ്രാദേശിക സ്ഥാനാര്‍ഥിയെ ഒഴിവാക്കാന്‍ നീക്കം നടന്നത് ഡി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് പരാതി നൽകാനാണ് വിമതരുടെ തീരുമാനം. ഹൈക്കമാൻഡ് നിർദേശിച്ച സ്ഥാനാർഥിക്കെതിരെ ഒരുതരത്തിലുള്ള പ്രതിക്ഷേധവുമില്ലെന്നാണ് ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നിലിന്‍റെ നിലപാട്.
അതേസമയം, പ്രവർത്തകരുടേത് താല്‍ക്കാലിക വികാരപ്രകടനം മാത്രമെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സുബ്ബയ്യ റൈയെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും ഇക്കുറിയെന്നും യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ തിരുവനന്തപുരത്ത് പറഞ്ഞു.