ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

0
219

തലശ്ശേരി (www.mediavisionnews.in) : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയത്.

302, 120 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്. സി.ബി.ഐ നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ വകുപ്പ് ചുമത്തിയത്.കൊലപാതകം അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പു മാറ്റിയാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയത്.

ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

2012 ഫെബ്രുവരി 20 നാണ് പട്ടുവം അരിയിലിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം നേതാക്കളായ പി. ജയരാജന്റേയും ടി.വി രാജേഷിന്റേയും വാഹനം അക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷൂക്കൂര്‍ വധിക്കപ്പെടുന്നത്.

ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസ് അന്വേഷണത്തില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചല്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ആരോപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here