മുംബൈ (www.mediavisionnews.in): വൈഫൈ യൂസര്‍ നെയിം ‘ലെഷ്കറെ ത്വയ്ബ’ എന്ന പേരിൽ സേവ് ചെയ്ത കോളേജ് വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്തു. മഹാരാഷ്ട്രയിലെ കല്ല്യാൺ സ്വദേശിയെയാണ് നാട്ടുകാരുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. കല്ല്യാണിലെ ഖടക്പാട അമൃത് ഹെവൻ സൊസൈറ്റി നിവാസികളാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
വൈഫൈ കണക്ഷണനുവേണ്ടി സെർച്ച് ചെയ്ത് സമയത്താണ് ലെഷ്കറെ ത്വയ്ബ എന്ന പേരിലുള്ള വൈഫൈ നെറ്റ്‍വർക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടിലെ വൈഫൈ കണക്ഷനാണ് ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ യുവാവിൻ്റെ പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഫൈ കണക്ഷൻ ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് താനാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്തിനാണ് ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് എന്ന ചോദ്യത്തിന് താൻ തമാശയ്ക്ക് സേവ് ചെയ്തതെന്നായിരുന്നു യുവാവിന്റെ മറുപടിയെന്നും പൊലീസ് പറഞ്ഞു.