എറണാകുളം(www.mediavisionnews.in) : സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം
നേരത്തെ കണ്‍സഷന്റെ ടിക്കറ്റാണെന്ന് കാണിച്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ആണ് കേസ് പരിഗണിക്കുന്നത്. ഹരജിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും സംസ്ഥാന പോലീസ് മേധാവിയും കക്ഷികളാണ്. കോടതിയാണ് ഇവരെ കക്ഷി ചേര്‍ത്തത്.
കൊച്ചിയില്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരം വിവേചനം വിദ്യാര്‍ത്ഥികളോട് കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.