ദില്ലി(www.mediavisionnews.in): വാട്‌സാപ്പില്‍ അയക്കപ്പെടുന്ന അവഹേളനപരമായ സന്ദേശങ്ങള്‍ തടയാന്‍ പുതിയ സംവിധാനമൊരുക്കി ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കൊലപാതക ഭീഷണിയോ, അവഹേളനമോ,മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്‌സാപ്പിലൂടെ ലഭിച്ചാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും അയച്ചയാളുടെ മൊബൈല്‍ നമ്പറും ചേര്‍ത്ത് ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കാവുന്നതാണ്. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് പരാതി അയക്കേണ്ടത്.
പരാതി ലഭിച്ചാല്‍ അത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും പൊലീസിനും കൈമാറുകയാണ് ഇവര്‍ ചെയ്യുക. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരം പരാതികള്‍ സ്വീകരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും.
വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സംഭവങ്ങള്‍ നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ ഇത്തരം മെസ്സേജുകള്‍ അയയ്ക്കുന്നതിന് തടയിടണമെന്നാവശ്യപ്പെട്ട് എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തയച്ചിരുന്നു.