അബുദാബി (www.mediavisionnews.in) : ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന് മൂന്ന് തരം മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്. ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്കാണ് യുഎഇ ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്‍ക്കായി പുറത്തിറക്കുന്ന നസ്തി ഗുളികകളില്‍ രക്തസമ്മര്‍ദം വളരെയധികം കുറയ്ക്കുന്ന തിയോസില്‍ഡിനാഫില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ: ആമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.
ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലിയോപാഡ് മിറക്കിള്‍ ഹണി, ദഹനത്തിനായി ഉപയോഗിക്കുന്ന ഫെസ്റ്റാല്‍ എന്നീ മരുന്നുകള്‍ക്കും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തിയതായി ഡോ. ആമീന്‍ കുറിപ്പില്‍ വ്യക്തമാക്കി. പേരു വെളിപ്പെടുത്താത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് മരുന്നു നിര്‍മിച്ചിരിക്കുന്നതെന്നും പച്ചിലകളും ചെടികളുടെ സത്തയുമാണ് ചേര്‍ത്തിരിക്കുന്നതെന്ന് നസ്തിയില്‍ കുറിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ തിയോസില്‍ഡനാഫില്‍ എന്ന രാസവസ്തുവാണ് അടങ്ങിയിരിക്കുന്നതെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഹൃദ്രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും ഏറെ ദോഷകരമാണ് ഈ രാസവസ്തു. നൈട്രേറ്റ് അടങ്ങിയ ഗുളിക കഴിക്കുന്നവര്‍ക്കും ഇത് ഏറെ ദോഷം ചെയ്യും. ലൈംഗികോത്തേജനത്തിനായി ഉപയോഗിക്കുന്ന ലപ്പേഡ് മിറക്കിള്‍ ഹണിയില്‍ സില്‍ഡെനാഫില്‍ എന്ന രാസവസ്തുവാണ് അടങ്ങിയിട്ടുള്ളത്. ദഹനസഹായിയായി കഴിക്കുന്ന ഫെസ്റ്റലിലും സില്‍ഡെനാഫിലാണ് അടങ്ങിയിരിക്കുന്നതെന്നും അല്‍ അമിരി വ്യക്തമാക്കുന്നു. യുഎഇയിലേക്കു സന്ദര്‍ശനത്തിനു വരുന്നവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ സംബന്ധിച്ച് ഓണ്‍ലൈനായി അംഗീകാരം വാങ്ങണമെന്ന് മുന്‍പു തന്നെ അധികൃതര്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
മരുന്നുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പൊതുജനാരോഗ്യ ഡിപ്പാര്‍ട്‌മെന്റിന്റെ സൈറ്റിലേക്ക് അയച്ചാല്‍ ഒരു പ്രവൃത്തിദിവസത്തികം അനുമതി നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. www.mohap.gov.ae എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഫോം ഡൌണ്‍ലോഡ് ചെയ്യാനാകും. ഡോക്ടറുടെ കുറുപ്പടി, സന്ദര്‍ശകന്‍ താമസിക്കാനുദ്ദേശിക്കുന്ന ദിവസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇങ്ങനെ അനുവാദം ലഭിക്കാതെ ഒരു മരുന്നും യുഎഇയിലേക്കും കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാനിരീക്ഷണ പരിസ്ഥിതിവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, കസ്റ്റംസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകള്‍ക്ക് ഇതേക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.