മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത നേതാക്കളെ പ്രത്യേക ചടങ്ങില്‍ ഉടവാള്‍ നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ

0
227

ന്യൂദല്‍ഹി(www.mediavisionnews.in): മഹാത്മാഗാന്ധിയുടെ 71ാം ചരമ വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ രൂപത്തിലേക്കു പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയേയും ഭര്‍ത്താവും ഹിന്ദു മഹാ സഭാ വക്താവുമായ അശോക് പാണ്ഡെയേയും ആദരിച്ച് ഹിന്ദു മഹാസഭ.

30 പേരെയാണ് സംഘടന പ്രത്യേക ചടങ്ങില്‍ ആദരിച്ചത്. ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത് ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജാ ശകുന്‍ പാണ്ഡെയെ ആദരിച്ചത്.

”അലിഗഢ് പൊലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും ഞങ്ങള്‍ ആദരിച്ചു. ഫെബ്രുവരി 14 ന് ഞങ്ങള്‍ക്ക് ജാമ്യം നേടി തരാന്‍ സഹായിച്ച ഞങ്ങളുടെ അഭിഭാഷകനേയും ആദരിച്ചു. ഏത് പ്രതിസന്ധിയിലും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നവരേയും ഈ വേദിയില്‍ വെച്ച് ആദരിച്ചു”- അശോക് പാണ്ഡെ പറഞ്ഞു.

അതേസമയം ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലര്‍ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.

നാഥൂറാം ഗോഡ്‌സെയെ കുറിച്ചുള്ള പുസ്തകം വിദ്യാര്‍ത്ഥികളുടെ പാഠഭാഗമായി ഉള്‍പ്പെടുത്തണമെന്നും യഥാര്‍ത്ഥ സത്യം കുട്ടികള്‍ മനസിലാക്കണമെന്നുമായിരുന്നു പ്രസംഗത്തിനിടെ പൂജാ ശകുന്‍ പറഞ്ഞത്. പരിപാടിയില്‍ അലിഗഡ് പൊലീസ് എത്തുകയും പരിപാടി ക്യാമറയില്‍ ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗാന്ധി പ്രതിമയിലേക്ക് വെടിയുതിര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറാം തിയതി പൂജാ ശകുനേയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു.

യു.പിയിലെ അലിഗഢില്‍ വെച്ചാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ രൂപം ഉണ്ടാക്കി പൂജ പാണ്ഡെ കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഇതിനുശേഷം രക്തമൊഴുക്കുകയും ഗാന്ധിയുടെ രൂപം കത്തിക്കുകയും ചെയ്തിരുന്നു.

നേതാക്കള്‍ ഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

മുന്‍പും പലതവണ ഗോഡ്സെയെ ന്യായീകരിച്ചും പിന്തുണച്ചും ഹിന്ദുമഹാസഭ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗോഡ്സെ രാജ്യ സ്‌നേഹിയാണെന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഗോഡ്സെയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും ഹിന്ദുമഹാസഭ നേതാവ് സ്വാമി പ്രണവാനന്ദ പ്രഖ്യാപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here