ന്യൂഡല്‍ഹി(www.mediavisionnews.in) : പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ മമത ബാനര്‍ജിയ്ക്ക് തിരിച്ചടി. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതിയില്‍ സിബിഐ സത്യവാങ്മൂലം നല്‍കി. ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ചിട്ടി തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാനാണ് സിബിഐ എത്തിയത്. തട്ടിപ്പിനെ കുറിച്ച് നിരവധി വിവരങ്ങള്‍ പൊലീസില്‍ നിന്ന് കിട്ടണമായിരുന്നു. അതിനായി പല തവണ രാജീവ് കുമാറിന് നോട്ടീസ് നല്‍കി. എന്നാല്‍ പൊലീസ് കമ്മീഷണര്‍ ഹാജരായില്ലെന്നും സിബിഐ പറഞ്ഞു. രാജീവ് കുമാറാണ് അന്വേഷണം നിരീക്ഷിച്ചിരുന്നത്. മുഖ്യപ്രതിയില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ കൈമാറിയില്ല. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. ഫോണ്‍വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ലെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും കാണാനില്ല എന്നാണ് സിബിഐ പറഞ്ഞത്.