മഞ്ചേശ്വരത്തിന്റെ മനസ്സ് ആർക്കൊപ്പം

0
200

മഞ്ചേശ്വരം(www.mediavisionnews.in): ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും വാർത്തകൾക്കായി മഞ്ചേശ്വരം പുതിയതെന്തെങ്കിലും കരുതിയിട്ടുണ്ടാകും. 89 വോട്ടിനു പി.ബി.അബ്ദുൽ റസാഖിന്റെ വിജയവും കള്ളവോട്ട് ആരോപിച്ച് എതിർ സ്ഥാനാർഥി കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതുമാണ് ഒടുവിൽ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.

അബ്ദുൽ റസാഖിന്റെ മരണത്തിനു ശേഷവും തുടർന്ന കേസ് സുരേന്ദ്രൻ പിൻവലിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും തിരഞ്ഞെടുപ്പിനു കളമൊരുങ്ങി. മാസങ്ങൾ നീണ്ട അനിശ്ചിതത്വം അവസാനിച്ചതോടെ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥി നിർണയ ചർച്ചകളും സജീവമായി.

പിടികൊടുക്കാതെ മഞ്ചേശ്വരം

മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ മനസ്സ് ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി പുണർന്നപ്പോഴും ബിജെപിയെ കയ്യകലത്തിൽ നിർത്തി മോഹിപ്പിച്ചു. ത്രികോണ മത്സരത്തിന്റെ വീറും വാശിയും സംസ്ഥാനം പരിചയിച്ചതു തന്നെ ഇവിടെ നിന്നാണ്.

മണ്ഡലം നിലനിർത്താൻ യുഡിഎഫും 89 വോട്ടിനു നഷ്ടമായ മണ്ഡ‍ലം പിടിച്ചെടുക്കാൻ ബിജെപിയും എതിർക്യാംപിലെ വിള്ളലുകളിൽ പ്രതീക്ഷ അർപ്പിച്ച് എൽഡിഎഫും കളത്തിലിറങ്ങുമ്പോൾ ആർക്കും മുൻതൂക്കം നൽകാതെ മഞ്ചേശ്വരം വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

യുഡിഎഫിൽ ഖമറുദ്ദീൻ?

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീനാണ് യുഡിഎഫ് പ്രഥമ പരിഗണന നൽകുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യവും ഇതാണ്. എന്നാൽ മണ്ഡ‍ലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാണു പ്രാദേശിക വികാരം.1987 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ചെർക്കളം അബ്ദുല്ലയും 2011 മുതൽ വിജയിച്ച പി.ബി.അബ്ദുൽ റസാഖും തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു.‌ ഭാഷാ ന്യൂനപക്ഷങ്ങൾക്കു കൂടി സ്വീകാര്യനായ സ്ഥാനാർഥി വേണമെന്നു ലീഗ് തീരുമാനിച്ചാൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ.കെ.എം.അഷ്‌റഫിനു നറുക്കു വീഴും.

സുരേന്ദ്രൻ ഇല്ലെന്നു പറഞ്ഞാലും ?

2011ലും 2016ലും ബിജെപിക്കായി മത്സരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇനിയില്ലെന്നു പ്രഖ്യാപിച്ചെങ്കിലും സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യത്തിനാണു മണ്ഡലത്തിൽ മുൻതൂക്കം. എന്നാൽ സുരേന്ദ്രനെ ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ പുതുമുഖത്തിനു സാധ്യത തെളിയും.

അങ്ങനെ വരുമ്പോൾ മലയാളം, കന്നഡ ഭാഷകൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനാണു മുൻ‌ഗണന. സാമുദായിക പരിഗണന കൂടി നോക്കി സംസ്ഥാനസമിതി അംഗം പി.സുരേഷ് കുമാർ ഷെട്ടിയും സാധ്യതാ പട്ടികയിലുണ്ട്.

യുഡിഎഫ് വിള്ളലിൽ എൽഡിഎഫ് പ്രതീക്ഷ

യുഡിഎഫ് ക്യാംപിലെ വിള്ളലിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവർത്തകർക്കു സ്വീകാര്യനല്ലാത്ത സ്ഥാനാർഥിയെ നേതൃത്വം കെട്ടിയിറക്കിയാൽ അതു മുതലെടുക്കാൻ സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും രംഗത്തിറക്കണമെന്ന ആവശ്യമുണ്ട്. ഇല്ലെങ്കിൽ ബിജെപി വോട്ടുകൾ കൂടി ലക്ഷ്യമിട്ടു മുൻ ജില്ലാ പഞ്ചായത്ത് അംഗവും സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായ എം.ശങ്കർ റൈക്ക് അവസരം ലഭിക്കും.

മണ്ഡലത്തിലെ പഞ്ചായത്തുകളും ഭരിക്കുന്ന മുന്നണികളും

എൻമകജെ-യുഡിഎഫ്

കുമ്പള-യു‍ഡിഎഫ്

മംഗൽപാടി-യുഡിഎഫ്

മഞ്ചേശ്വരം-യുഡിഎഫ്

മീഞ്ച-യു‍ഡിഎഫ്

വൊർക്കാടി-യുഡിഎഫ്

പൈവളിഗെ-എൽ‌ഡിഎഫ്

പുത്തിഗെ-എൽഡിഎഫ്

എൽഡിഎഫ്– യുഡിഎഫ് കൂട്ടുകെട്ട് ചർച്ചയാകും

ഉപതിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ മണ്ഡലത്തിലെ 2 പഞ്ചായത്തുകളിലെ എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ട് ബിജെപി മുഖ്യപ്രചരണായുധമാക്കും. ബിജെപി മുഖ്യകക്ഷിയായ എൻമകജെ, പൈവളിഗെ പഞ്ചായത്തുകളാണ് 2 മുന്നണികളും ചേർന്നു ഭരിക്കുന്നത്. എൻ‌മകജെയിൽ എൽഡിഎഫ് പിന്തുണയോടെ യുഡിഎഫും പൈവളിഗെയിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫും ഭരിക്കുന്നു. പെരിയ ഇരട്ടക്കൊല ഉൾപ്പെടെ എൽഡിഎഫിനെതിരെ പ്രചാരണമായുധമാക്കുമ്പോൾ ഇതു വിശദീകരിക്കാൻ യുഡിഎഫ് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here