പെരിയ ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ കസ്റ്റഡിയിൽ

0
174

കാസർകോട്(www.mediavisionnews.in): കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങൾക്ക് ശേഷം കല്യോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

എ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചു. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്. 

ഉദുമ എംഎൽഎ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെന്തെന്ന് പാ‍ർട്ടി തലത്തിലും അന്വേഷണം ഉണ്ടാകുമെന്നും കെ കുഞ്ഞിരാമൻ അറിയിച്ചു. 

പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. 

കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസിൽ ഇന്ന് പ്രധാനപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. 

സ്ഥലത്ത് എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here