കാസര്‍ഗോഡ്(www.mediavisionnews.in) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ, കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. അതേസമയം, കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് സിബിഐ അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. ഇതിനിടെ ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞ ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് എസ്പിയാക്കി സ്ഥാനക്കയറ്റം നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
റിയാസ് മൗലവി കൊലക്കേസ് അടക്കമുള്ള പ്രമാദമായ കേസുകള്‍ അന്വേഷിച്ച് മികവ് തെളിയിച്ചിട്ടുള്ള ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരട്ടെ എന്ന വിലയിരുത്തലുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസിറ്റിലായ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന സജി ജോര്‍ജ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.