പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പ്രഖ്യാപനം

0
267

ലക്‌നൗ(www.mediavisionnews.in) : മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഫെബ്രുവരി 9ന് പുതിയ പാര്‍ട്ടി രൂപീകരിക്കും. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നാണ് പാര്‍ട്ടി അറിയപ്പെടുക.

ശനിയാഴ്ച ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. പേരും ചിഹ്നവും ലക്ഷ്യവും ആ വേളയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് തൊഗാഡിയയുടെ സഹായിയും വിശ്വ ഹിന്ദു പരിഷത്ത് ദല്‍ഹി നേതാവുമായ കരംവീര്‍ ഹിന്ദു മാധ്യമങ്ങളോടു പറഞ്ഞു. ‘അയോധ്യയില്‍ ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്.’ അദ്ദേഹം പറഞ്ഞു.

40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനകം തന്നെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരത്തിലെത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം, ജി.എസ്.ടി, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള അനാവശ്യ നികുതി എന്നിവ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിരിക്കുകയാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. ‘ തൊഴിലവസരങ്ങളിലും ആരോഗ്യ രംഗത്തുമായിരിക്കും എന്റെ പൂര്‍ണ ശ്രദ്ധ. ഞങ്ങള്‍ ഇന്ത്യയില്‍ വാള്‍മാര്‍ട്ടിനെ നിരോധിക്കും. ‘ തൊഗാഡിയ പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടത്. നിലവില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ മേധാവിയാണ് അദ്ദേഹം. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നുമായിരുന്നു കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here