പവൻ വില 25,000ത്തിനു മുകളിൽ , വിവാഹം നിശ്ചയിച്ച കുടുംബങ്ങൾക്ക് ആശങ്ക, വില വീണ്ടും ഉയരാൻ സാധ്യത

0
222

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 25,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് ഒരു പവന്റെ നിരക്ക് 25,160 രൂപയായി. സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്ന് മാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഫെബ്രുവരി 19ന് ഗ്രാമിന് 3115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ ആഗോള തലത്തിൽ വര്‍ധനവുണ്ടാകാനുളള പ്രധാന കാരണം അമേരിക്കയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക അടിയന്താരാവസ്ഥ മൂലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ട്രംപിന്‍റെ സാമ്പത്തിക നയങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത് ആവശ്യകത വര്‍ധിക്കാനും വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്. ഇന്ന് രാജ്യാന്തര വിപണിയില്‍ ട്രോയ് ഓണ്‍സിന് (31.1 ഗ്രാം) സ്വര്‍ണത്തിന് നിരക്ക് 1343 ഡോളറാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 25 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ കൂടിയത്. ജനുവരി 14ന് 1300 ഡോളറായിരുന്ന സ്വര്‍ണ നിരക്ക് സാമ്പത്തിക അടിയന്തരാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിലയില്‍ 43 ഡോളറിന്‍റെ വര്‍ധനവുണ്ടായി. അമേരിക്കയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്ത ആഴ്ചയോടെ സ്വര്‍ണ നിരക്ക് 1375 ഡോളറിന് മുകളിലേക്ക് കയറാനുളള സാധ്യതയും വിപണി വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

സംസ്ഥാനത്ത് വിവാഹ സീസണ്‍ തുടരുന്നതിനാൽ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണത്തിന് വന്‍ ആവശ്യകതയാണുണ്ടാകുന്നത്. മാര്‍ച്ച് പകുതി വരെ സംസ്ഥാനത്ത് വിവാഹവുമായി ബന്ധപ്പെട്ട സ്വര്‍ണം വാങ്ങലിന് കുറവുണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.

എന്നാല്‍ കേരളത്തില്‍ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും വിവാഹം ഒഴികെയുളള ആവശ്യകതയ്ക്കായുളള വാങ്ങലുകളില്‍ ഇടിവുണ്ടായെന്നുമാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണവിലയില്‍ വർധന തുടരുന്നതിനൊപ്പം പണിക്കൂലി കൂടി ചേരുന്നതോടെ ഉദ്ദേശിച്ച അളവില്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തുക ചിലവിടേണ്ടി വരുന്നിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here