‘നടക്കാന്‍ വയ്യെങ്കില്‍ കുഞ്ഞനന്തന്‍ ജയിലില്‍ കിടക്കണം; ഏഴ് വര്‍ഷത്തില്‍ എത്ര ദിവസം അകത്ത് കിടന്നു’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

0
195

കൊച്ചി (www.mediavisionnews.in) : ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉടന്‍ ചികിത്സിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനം ഉണ്ടായത്. പി കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് കോടതി ചോദിച്ചു. 7 വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവുപുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.

ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്ന് ആരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2012 മേയ് 4നു ടി.പിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസങ്ങള്‍ക്കിടയില്‍ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here