കണ്ണൂർ(www.mediavisionnews.in): ‘ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത്. അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും. അദ്ദേഹവും മനുഷ്യനാണ്. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവശ്യം ഉണ്ടോ. വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ.’ ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ പരോൾ ജീവിതത്തെ കുറിച്ച് ഇന്നലെ വാർത്തകൾ വന്നതിന് പിന്നാലെ ന്യായീകരിച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലെ വരികളാണിത്. ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഈ വാർത്തയെ പരിഹസിച്ച് കൊണ്ടുള്ള പുതിയ വിഡിയോ എത്തുന്നത്.
ഇന്നലത്തെ വിഡിയോയെ കുറിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾ ഇതുകൂടി കാണുക എന്ന തരത്തിലാണ് മതേതര ചിന്തകൾ എന്ന പേജിൽ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക. ഇതാണ് ഞങ്ങളുടെ സഖാവ്. വീണ്ടും പറയുന്നു, അദ്ദേഹം ഒരു മനുഷ്യനാണ്. തളർത്താൻ ആയിട്ടില്ല. എന്നിട്ടല്ലേ തകർക്കാൻ.’ ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത് എന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.
ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. ടി.പി.വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. രണ്ടാംപ്രതിയായ കിർമ്മാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതും വാർത്തയായിരുന്നു.
ടിപി കേസ് പ്രതിയെ ന്യായീകരിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇത് കെ മുഹമ്മദ് ഷാഫി. ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ്. രണ്ടു ദിവസമായി ഷാഫി നാട്ടിലുള്ള ഒരു സഖാവിന്റെ കല്യാണത്തിന് ഡാൻസ് കളിച്ച ഒരു വീഡിയോ ചില മാമ മാധ്യമങ്ങൾ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്ക കൂട്ടാൻ കിട്ടിയത് പോലെ ആഘോഷിക്കുന്നു മാധ്യമങ്ങളേ ഞങ്ങൾ ഒരു കാര്യം ചോദിക്കട്ടെ പരോളിൽ ഇറങ്ങിയ ഒരാൾ വീട്ടിൽ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് അല്ലെങ്കിൽ
ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ…
പിന്നെ കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങൾ ഇത് കൂടെ കണ്ണ് തുറന്നു കാണണം ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക ഇതാണ് ഞങ്ങളുടെ സഖാവ് വീണ്ടും പറയുന്നു അദ്ദേഹം ഒരു മനുഷ്യനാണ് തളർത്താൻ ആയിട്ടില്ല എന്നിട്ടല്ലേ തകർക്കാൻ.