കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലാത്തതിന് ഹോട്ടല്‍ ജീവനക്കാരുമായി പൊരിഞ്ഞ അടി; കൈയ്യാങ്കളിയ്ക്കിടെ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു, സംഭവം കേരളത്തില്‍

0
236

കോഴിക്കോട്(www.mediavisionnews.in): കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയല്‍പീടികയില്‍ വീട്ടില്‍ നവാസ് (39), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ പടിഞ്ഞാറയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (48), മുണ്ടോത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (46) എന്നിവര്‍ അറസ്റ്റിലായി.

കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നു. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു ചൂണ്ടികാട്ടി ഹനീഫും കൂട്ടകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്‌നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൂവരെയും മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്‌നം വഷളായപ്പോള്‍ ഹനീഫിനെ തനിച്ചാക്കി ജോസഫും രവിയും ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here