കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും പോലീസിന് സംശയം പിന്നെയും ബാക്കി. പഠിപ്പിച്ചു വിട്ടപോലെ പിതാംബരനും സംഘവും നല്‍കുന്ന മൊഴിയും തെളിവെടുപ്പിനിടെ കൃത്യം നിര്‍വ്വഹിക്കാന്‍ ഉപയോഗിച്ചതെന്ന രീതിയില്‍ പീതാംബരന്‍ കാട്ടിക്കൊടുത്ത തുരുമ്പുപിടിച്ച ആയുധങ്ങളും സംശയം കൂടുന്നു. കിട്ടിയ ആയുധങ്ങളും ഇരകളുടെ ശരീരത്തിലെ മുറിവുകളും തമ്മിലുള്ള പൊരുത്തമില്ലായ്മയും പോലീസിനെ മറ്റാരെങ്കിലുമാണോ കൃത്യം നടത്തിയതെന്ന സംശയത്തെ ബലപ്പെടുത്തുകയാണ്.
സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും 400 മീറ്റര്‍ മാറി പീതാംബരൻ കാണിച്ചുകൊടുത്തതനുസരിച്ച് പൊലീസ് കണ്ടെടുത്തതു് തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളുമായിരുന്നു. പൂർണമായും തുരുമ്പിച്ച വടിവാൾ കൊണ്ട് ശരത്‍ലാലിന്റെയും കൃപേഷിന്റെയും ദേഹത്ത് ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഉയരുന്ന സംശയം. വെട്ടേറ്റ് കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‍ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു.
ശരത്‍ലാലിന്റെ ശരീരത്തില്‍ വാളിന് വെട്ടേറ്റ നിലയില്‍ 20 മുറിവുകളുണ്ട്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ഒരു വെട്ട് ചെവി മുതൽ കഴുത്തുവരെ നീളുന്ന തരത്തില്‍ ആഴത്തിലുള്ളതാണ്. ഇത്രയും ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ് ദണ്ഡു കൊണ്ടോ തുരുമ്പെടുത്ത വാള്‍ കൊണ്ടോ ഈ രീതിയിലുള്ള മുറിവ് ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും അവര്‍ പറയുന്നു. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി നടത്തിയ ആക്രമണം എന്നാണ് പോലീസ് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്. ‘‘പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‍ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി..’’ എന്നാണ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കാണിച്ചിരിക്കുന്നത്.
ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയതിനു കാരണം വ്യക്തിെവെരാഗ്യം മാത്രമാണെന്നാണു പ്രതികളുടെ മൊഴി. പാര്‍ട്ടിയെ വെള്ളപൂശൂന്ന തരത്തില്‍ മുഖ്യപ്രതി എ. പീതാംബരനും കൂട്ടാളികളും നല്‍കിയ മൊഴികള്‍ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നു സൂചന. സ്വയം കുറ്റമേറ്റതും കഞ്ചാവ് ലഹരിയിലായിരുന്നെന്ന മൊഴിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു സൂചനയുണ്ട്. കഞ്ചാവ് ലഹരിയിലാണു കൃത്യം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതോടെ, കേസിലെ ഉന്നതതല ഗൂഢാലോചനയിലേക്കും കണ്ണൂര്‍ മോഡല്‍ ക്വട്ടേഷനിലേക്കും അന്വേഷണം നീളില്ലെന്ന് ഉറപ്പായി.
പൂര്‍വെവെരാഗ്യം മൂലമാണു കഞ്ചാവ് ലഹരിയില്‍, സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരട്ടക്കൊലപാതകം നടത്തിയതെന്നു സി.പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടു പ്രതികളും മൊഴി നല്‍കി. പ്രാദേശികസംഘര്‍ഷത്തേത്തുടര്‍ന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും അതില്‍ നിരാശയുണ്ടായിരുന്നെന്നും പീതാംബരന്റെ മൊഴിയിലുണ്ട്.അറസ്റ്റിലായ പീതാംബരനിലും കസ്റ്റഡിയിലുള്ള രണ്ടുപേരിലും മാത്രമായി അന്വേഷണം ഒതുക്കാന്‍ പോലീസിനു നിര്‍ദേശം ലഭിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ള രണ്ടുപേരില്‍ ഒരാള്‍ പെരിയയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമീപകാലത്തു മാഹിയിലും കണ്ണൂരിലും നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു സമാനമാണു പെരിയ ഇരട്ടക്കൊലപാതകവും. ആക്രമണരീതിയും മുറിവുകളുടെ സ്വഭാവവും ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. എന്നാല്‍, മുഴുവന്‍ ഉത്തരവാദിത്വവും പീതാംബരന്‍ ഏറ്റെടുത്തതോടെ ഇരുട്ടില്‍ത്തപ്പുകയാണ് അന്വേഷണസംഘം.