അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍; അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് സഹായകരമായതിങ്ങനെ

0
216

ന്യൂദല്‍ഹി(www.mediavisionnews.in) : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഈ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചടക്കാന്‍ സഹായകരമായി.

60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒമ്പത് എം.എല്‍.എമാരില്‍ ഏഴുപേര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലും ചേര്‍ന്നു. ഇവരെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കൂറുമാറിയ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്ക് എത്തുക്കുകയും ചെയ്തു.

ത്രിപുരയില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയായ രത്തന്‍ലാല്‍ നാഥാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി. മുന്‍ ത്രിപുര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രഞ്ജന്‍ ബര്‍മന്‍ മകന്‍ സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് എത്തിച്ചത്. ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ വ്യക്തമാണ്. 2013 ലെ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തോളം വോട്ട് നേടിയ കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു ശതമാനത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്.

ആസാമില്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2016ല്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അദ്ദേഹമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പിന്നീട് ആസാം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് എം.പിമാരും എം.എല്‍.എമാരുമടക്കം നിരവധിപേര്‍ ബി.ജെ.പിയിലേക്ക് പോകുന്നതാണ് കണ്ടത്. ബി.ജെ.പി അധികാരത്തിലെത്തിയതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കെത്തി.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം അധികാരത്തിലെത്തുന്നതിന് ബി.ജെ.പിയെ സഹായിച്ചു. മുന്‍ മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത് റാണെ, ആറു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായ സുഭാഷ് ഷിറോദ്കര്‍ എന്നിവരുള്‍പ്പെടെയാണ് കൂറുമാറിയത്.

അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ മുന്‍ -മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാവരും കോണ്‍ഗ്രസ് മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ നേതൃത്വത്തില്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. ബി.ജെ.പി സഖ്യത്തിലുള്ള പാര്‍ട്ടിയായിരുന്നു ഇത്. പിന്നീട് കൂറുമാറിയ 34 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അങ്ങനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു പേമ കണ്ഡു ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി.

മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here