ന്യൂദല്‍ഹി (www.mediavisionnews.in) : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പശ്ചിമബംഗാളിലും ഒഡീഷയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമാകും. എന്തു തന്നെ സംഭവിച്ചാലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കുറയില്ലെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബി.ജെ.പിയുടെ മുന്നോട്ടുപോക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
‘ മഹാഗത്ബന്ധനെക്കുറിച്ച് ആശങ്കയറിയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നെ വിളിക്കാറുണ്ട്. എന്ത് സംഭവിക്കുമെന്ന് അവര്‍ ചോദിക്കാറുണ്ട്. മഹാഗത്ബന്ധനെക്കുറിച്ചുള്ള പേടി മനസില്‍ നിന്നും മാറ്റാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടും. ‘ അഹമ്മദാബാദില്‍ എന്റെ കുടുംബം, ബി.ജെ.പി കുടുംബം കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ രാജ്യമെമ്പാടും സന്ദര്‍ശിച്ചിട്ടുണ്ട്. ജനങ്ങള്‍ മോദിയ്ക്കു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നത് എനിക്കു കാണാം. അവരുടെ കണ്ണുകളിലുണ്ട് മോദിയ്ക്ക് അവര്‍ നല്‍കുന്ന പിന്തുണ.’ ഷാ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതിന്‍ ഗഡ്കരി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി കൂടിയാണ് അമിത് ഷായുടെ പ്രസംഗം. ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് ബി.ജെ.പിക്കുള്ളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.