ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെടുന്നു. ഇന്നലെ വിപ്പ് ലംഘിച്ച് നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ നിന്നു 10 എം.എല്‍.എമാര്‍ വിട്ടുനിന്നതോടെ ഭരണപക്ഷം പ്രതിരോധത്തിലായി.
എം.എല്‍.എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നു മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടിരുന്നു.
മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതെവന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടേക്കാം. ഈ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് കോണ്‍ഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന അന്ത്യശാസനവും എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കി.
കോണ്‍ഗ്രസില്‍ നിന്ന് ഏഴും ദളില്‍ നിന്ന് ഒരാളും സഭയിലെത്താതിരുന്നതിനു പുറമെ, സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു നേരത്തെ കത്ത് നല്‍കിയ സ്വതന്ത്രനും കര്‍ണാടക പ്രജ്ഞാവന്ത പാര്‍ട്ടി അംഗവും ഇന്നലെ ഹാജരായിരുന്നില്ല.
കോണ്‍ഗ്രസില്‍ നിന്ന് രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 4 വിമതരും എം.എല്‍.എയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ ജെ.എന്‍.ഗണേഷുമാണ് എത്താത്തത്. മറ്റു രണ്ടു പേര്‍ വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ എത്തുമെന്നും കോണ്‍ഗ്രസ് പറയുന്നു.