അബുദാബി (www.mediavisionnews.in) : യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ കരാറുകളുടെ പ്രഥമ വ്യക്തി സ്‌പോണ്‍സറാണെന്നും അതിനാല്‍, സ്‌പോണ്‍സര്‍ മരിച്ചാല്‍ സ്വാഭാവികമായും കരാര്‍ റദ്ദാകുമെന്നും മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാല്‍, തൊഴിലാളിക്കു സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യാന്‍ താല്‍പര്യവും സാഹചര്യവുമുണ്ടെങ്കില്‍ മന്ത്രാലയത്തെ സമീപിച്ചു കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. അതേസമയം, തൊഴിലാളിക്കു തുടര്‍ സേവനത്തിനു സാധ്യമല്ലെന്നു വ്യക്തമാക്കുന്ന വൈദ്യപരിശോധനാ ഫലം സമര്‍പ്പിച്ചാല്‍ സ്‌പോണ്‍സര്‍ക്കു കരാര്‍ റദ്ദാക്കാനാകുമെന്നും 2017 ലെ പത്താം നമ്പര്‍ ഫെഡറല്‍ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ക്രിമിനല്‍ കേസുകളിലോ മറ്റോ അകപ്പെട്ട തൊഴിലാളിക്കെതിരെ കോടതി വിധി വന്നാല്‍, തൊഴിലുടമക്കു കരാര്‍ റദ്ദാക്കാമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. കരാര്‍ കാലത്തിനിടെ അനധികൃതമായി പത്തുദിവസം തുടര്‍ച്ചയായി ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍, തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ ഉടമയ്ക്കു അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.