യുഎഇയിൽ അപകടത്തിൽ മരിക്കുന്ന പ്രവാസികളെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നവർ; മുന്നിൽ മലയാളികൾ

0
228

യുഎഇ (www.mediavisionnews.in) : യുഎഇയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ ഇടയിൽ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം വിവിധ അപകടങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആയിരിക്കേ ആത്മഹത്യ ചെയ്തത് 51 പേരാണ്. രണ്ടുവർഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാൾ ആത്മഹത്യ വർധിച്ചതെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം എടുത്താൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകൾ വർധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യുഎഇയിലെ സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളിൽ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ  ചെയ്യുന്നതായി സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശ്ശേരി പറഞ്ഞു. ക്രഡിറ്റ് കാർഡിൽ നിന്നെടുത്ത പണവും ബാങ്ക് ലോൺ അടക്കമുള്ള സാമ്പത്തികബാധ്യതയും വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി യുഎഇ. സർക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളിൽ മനംനൊന്ത് ഷാർജ അൽ നഹ്ദയിലെ താമസയിടത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാർജ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവർത്തകനായ നാസർ നന്തി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here