മോഹന്‍ലാലിന് പുതിയ ഓഫറുമായി ബിജെപി; പന്ത് ലാലിന്റെ കോര്‍ട്ടില്‍

0
193


തിരുവനന്തപുരം (www.mediavisionnews.in): ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടില്‍ ബിജെപി വന്‍ നീക്കങ്ങള്‍ നടത്തുന്നു. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ഇറക്കി കളിക്കാനുള്ള നീക്കം ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലാല്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നതോടെ പാര്‍ട്ടിയില്‍ ആരെന്നുള്ള ചോദ്യം ഉയരുകയും ദേശീയ നേതൃത്വത്തിനോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, മോഹന്‍ലാലിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മോഹന്‍ലാലിന് പാര്‍ട്ടിയോടുള്ള നിലപാടും മോദിയോടുള്ള അടുപ്പവും വോട്ടാക്കി മാറ്റി ലോകസഭയില്‍ അക്കൗണ്ട് തുടങ്ങാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കണക്കു കൂട്ടുന്നത്.

ഇതിന്റെ ഭാഗമായി മോഹന്‍ലാലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞങ്ങള്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം ഇതുവരെ അതില്‍ മറുപടി തന്നിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാലിന് താത്പര്യമുണ്ട്, മാത്രമല്ല അദ്ദേഹം തിരുവനന്തപുരത്തുകാരനുമാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ തയ്യാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി ഒരുക്കമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് പറഞ്ഞു. ഇതോടെ, മോഹന്‍ലാലിനെ ഇറക്കി കളിക്കാനുള്ള ദൗത്യം ബിജെപി ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ്.

മോഹന്‍ലാലിനെ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്ന് എംടി രമേശ് അറിയിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹമാണ് നിലപാട് അറിയിക്കേണ്ടതെന്നും രമേശ് പറഞ്ഞു. മോദി സര്‍ക്കാരിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രശംസ അറിയിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളെയും നല്ല രീതിയില്‍ പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ അതിനപ്പുറം അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയമുള്ളതായി തനിക്കറിയില്ലെന്നു എംടി രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരെ നിലവില്‍ ഉണ്ടായിട്ടില്ല. ഒരു പക്ഷേ, അദ്ദേഹം സന്നദ്ധത അറിയിക്കുവാണെങ്കില്‍, കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത കൂടുതലുണ്ടെന്നും, ഇവിടെ ബിജെപിക്ക് ജയിക്കാന്‍ കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എംടി രമേശ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here