കാസർകോട് (www.mediavisionnews.in): കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രചാരണയാത്ര ആരംഭിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടത്തുന്ന ആദ്യ രാഷ്ട്രീയ യാത്രയാണിത്.
കാസർകോട് നായന്മാർമൂലയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി യാത്ര ഉദ്ഘാടനം ചെയ്യും. യു ഡി എഫിൽ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചകളും കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളും നടക്കാനാരിക്കെയാണ് പാർട്ടി അധ്യക്ഷന്‍റെ രാഷ്ട്രീയ യാത്ര. സീറ്റ് വിഭജനം അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് പാർട്ടി തീരുമാനം. യാത്ര അവസാനിക്കുന്നതിനു മുൻപു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതു സമ്മേളനങ്ങളും നടത്തും. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സമാപിക്കും.