മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനോട് മത്സരിക്കാൻ നിർദേശം

0
215

പാലക്കാട് (www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കകത്തെ നീക്കങ്ങൾ ശക്തമാവുന്നു. പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പംതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. കെ. സുരേന്ദ്രനെ തൃശ്ശൂരിൽ മത്സരിപ്പിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ തീരുമാനയിട്ടില്ല.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാവില്ല എന്ന് ഏറക്കുറെ ഉറപ്പായി. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ച കാസർകോട്ട് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് കെ. സുരേന്ദ്രനോട് മത്സരിക്കാൻ നിർദേശം നൽകി എന്നാണ് അറിയുന്നത്. കെ. സുരേന്ദ്രൻ തൃശൂരിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് മാധ്യമങ്ങളിൽ വാർത്തകൾ പരന്നതോടെയായിരുന്നു അടിയന്തര യോഗം. ബെംഗളൂരുവിൽ ബി.ജെ.പി. ഐ.ടി. സെല്ലിന്റെ യോഗം വെട്ടിച്ചുരുക്കിയാണ് ബി.എൽ. സന്തോഷ് കാസർകോട്ടെത്തിയത്.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാൻ താത്‌പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാൽ സമീപകാല സംഭവവികാസങ്ങൾ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ അത്ര ഗുണംചെയ്യില്ല എന്ന വിലയിരുത്തൽ ആർ.എസ്.എസ്സിനുണ്ട്. ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം.കെ. സുരേന്ദ്രനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്താനുള്ള നീക്കം നടക്കുന്നതായും സംശയമുണ്ട്. അതുകണ്ടുതന്നെ ഗ്രൂപ്പ് സമവാക്യത്തിൽ ശ്രീധരൻപിള്ളയെ എല്ലാ വിഭാഗവും തിരുവനന്തപുരത്ത് ഐക്യകണ്ഠേന സ്വീകരിക്കാനുള്ള സാധ്യതയും കുറവാണ്.

ശശി തരൂരാണ് എതിരാളിയെന്നതും പ്രശ്നമാണ്. കുമ്മനം രാജശേഖരൻ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമവായസാധ്യതയായി സുരേഷ് ഗോപിയുടെ പേര് വീണ്ടും ഉയരുന്നത്. സുരേഷ്ഗോപിയോട് എൻ.എസ്.എസ്സിനും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here