മംഗളൂരു (www.mediavisionnews.in) : മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് ഫെബ്രുവരി മുതൽ ആഴ്ചയിൽ മൂന്നുദിവസം പുതിയ തീവണ്ടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു യശ്വന്ത്പുര് സ്റ്റേഷനിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലരയ്ക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ നാലുമണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ തീവണ്ടിയെത്തും. തിരിച്ച് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് വൈകീട്ട് ഏഴു മണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 4.30ന് യശ്വന്ത്പൂരിലെത്തുന്ന തീവണ്ടി തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക.
പുതുതായി തുറന്ന ഹാസൻ പാതവഴിയാണ് തീവണ്ടിയുടെ സർവീസ്. എന്നാൽ ബംഗളൂരുവിൽനിന്ന് വൈകീട്ട് നാലരയ്ക്ക് പുറപ്പെട്ടാൽ അത് യാത്രക്കാർക്ക് ഒരുതരത്തിലും ഉപകാരപ്പെടില്ലെന്ന് യാത്രക്കാരുടെ സംഘടനാനേതാവ് അനിൽ ഹെഗ്‌ഡെ പറഞ്ഞു. നാലര എന്നുള്ളത് ഏഴ് മണിയെങ്കിലും ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സമയക്രമം അനുസരിച്ച് ഒൻപതരമണിക്കൂർ വേണ്ടിടത്ത് 11 മണിക്കൂർ കൊണ്ടാണ് തീവണ്ടി യാത്ര പൂർത്തീകരിക്കുന്നത്. എന്നാൽ നാലരയെന്നത് രാത്രി ഒൻപത് ആക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഫെബ്രുവരി മൂന്ന് മുതൽ തുംകുറ് വഴി ബംഗളൂരുവിൽനിന്ന് ശിവമോഗയിലേക്കും ആഴ്ചയിൽ മൂന്നുദിവസമുള്ള പുതിയ തീവണ്ടി സർവീസ് ആരംഭിക്കും.