പ്രിയങ്കയുടെ റോഡ് ഷോ മോഷ്ടാക്കൾക്ക് ചാകര, 50 മൊബൈലുകൾ നഷ്ടപ്പെട്ടതായി പരാതി

0
248

ലക്‌നൗ(www.mediavisionnews.in): പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് ശേഷം ലക്‌നൗവില്‍ നടത്തിയ റോഡ് ഷോക്കിടെ അമ്പതോളം മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. നൃത്തം വെച്ചും ജയ് വിളിച്ചും ആയിരക്കണക്കിനാളുകൾ പ്രിയങ്കയെ വരവേൽക്കാൻ എത്തിച്ചേർന്നിരുന്നു. എന്നാൽ മോഷ്ടാക്കൾക്ക് ചാകരയായിരുന്നു ഈ മെ​ഗാറാലി.

ഒരു മോഷ്ടാവിനെ കോൺ​ഗ്രസ് പ്രവർത്തകർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ ഇയാളുടെ പക്കൽ നിന്നും ഒരു ഫോൺ മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനും അസിസ്റ്റന്റ് സിറ്റി മജിസ്ര്‌ടേറ്റുമായ ജീഷന്‍ ഹൈദറിന്റെ ഫോണും മോഷണം പോയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ലക്നൗ നഗരം മുഴുവൻ പടുകൂറ്റൻ ഹോഡിംഗുകൾ ഉയർത്തിയും അലങ്കാരങ്ങൾ ചാർത്തിയുമാണ് പ്രവർത്തകർ പ്രിയങ്കക്ക് കഴിഞ്ഞ ദിവസം വരവേൽപ്പൊരുക്കിയത്. ഇന്ദിരയുടെ വരവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ വിശേഷിപ്പിച്ചത്. വിമാനത്താവളം മുതൽ ഐസിസി ആസ്ഥാനമായ നെഹ്റു ഭവൻ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവർത്തകർ കാത്തുനിന്നു. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി. സംഘടനാപരമായി കോൺഗ്രസ് ഏറെ ദുർബലമായ ഉത്തർപ്രദേശിൽ റാലിക്കായി വന്നെത്തിയ ജനക്കൂട്ടം പ്രിയങ്കയുടെ ജനപ്രിയതയ്ക്ക് തെളിവായി മാറുകയാണ്.

42 ലോക്സഭാ സീറ്റുള്ള കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയാണ് കോൺഗ്രസ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. പ്രിയങ്ക പ്രഭാവത്തിൽ കുറഞ്ഞത് 35 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടുമെന്ന് നേതാക്കളുടെ പ്രതീക്ഷ. ഇപ്പോൾ രണ്ടു സീറ്റ് മാത്രമാണ് ഇവിടെനിന്ന് കോണ്‍ഗ്രസിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here