തിരുവനന്തപുരം(www.mediavisionnews.in): പ്രളയത്തില്‍ കുത്തിയൊലിച്ച് പോയ റോഡിന് പുതുജീവന്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡായിരുന്നു പ്രളയത്തില്‍ തകര്‍ന്നത്. ഇതോടെ മേഖലയിലെ ഗതാഗതസൗകര്യം താറുമാറായി. തുടര്‍ന്ന് സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കുകയായിരുന്നു. പിന്നീട് 25 ലക്ഷം രൂപ ചെലവഴിച്ച് ആ റോഡ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചു.
ഇതിന്റെ വീഡിയോയയാണ് മുഖ്യമന്ത്രി ഫെയ്്‌സ്ബുക്കിലൂടെ പങ്കുവച്ചത്
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ ഒരു റോഡ് തകര്‍ന്നു വീണ ദൃശ്യങ്ങള്‍ നാം മറക്കാനിടയില്ല. പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തന്ന ദൃശ്യങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകര്‍ന്നു വീണത്. തകര്‍ന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്.
പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.