തൂക്കികൊല്ലാന്‍ പ്രതിഫലം 2 ലക്ഷം; സംസ്ഥാനത്ത്‌ ആരാച്ചാരാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് 12 പേര്‍; വധശിക്ഷ കാത്തുകഴിയുന്നത് 22 പേര്‍

0
200

തിരുവനന്തപുരം(www.mediavisionnews.in): ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍. സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. എന്നാല്‍, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയുമാണ്.

സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമുണ്ട്. വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല്‍ മാത്രമാണ് ആരാച്ചാരുടെ ജോലി. ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ ആരും വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ പുതിയ ജയില്‍ ചട്ടത്തിന്റെ ഭാഗമായാണ് പ്രതിഫലം രണ്ടുലക്ഷം രൂപയാക്കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ അവസാനമായി നടപ്പാക്കിയത്. 15 പേരെ തലയ്ക്കടിച്ചു കൊന്ന കേസിലായിരുന്നു ശിക്ഷ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1971ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 22 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

ഇതില്‍ കണ്ണൂരിലുള്ള രണ്ടുപേരുടെ ശിക്ഷ താല്‍ക്കാലികമായി സുപ്രീംകോടതി തടഞ്ഞു. നേരത്തെ വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, ആന്റണി, രാജേഷ് എന്നിവരുടെ ശിക്ഷയും സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. അപേക്ഷയ്ക്ക് ഉടന്‍ പ്രതിവിധി കാണുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകര്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here