അങ്കമാലി(www.mediavisionnews.in): രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിരോധനങ്ങള്‍ക്കു പുല്ലുവില കല്‍പിച്ചുകൊണ്ടു ടിപ്പറുകള്‍ പറക്കുന്നതു പലയിടങ്ങളിലും നിത്യകാഴ്ചയാണ്. ഒടുവില്‍ സ്‌കൂള്‍ സമയങ്ങളില്‍ ഭീതി പറത്തി പായുന്ന ടിപ്പര്‍ ലോറികളുടെ ഭീഷണി വര്‍ദ്ധിച്ചതോടെ അവരെ ചെറുക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ റോഡിലിറങ്ങി.

അങ്കമാലിയിലെ പാലിശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട സംഘമാണ് ടിപ്പര്‍ ലോറികള്‍ക്ക് മുന്നില്‍ സൈക്കിള്‍ കുറുകെ വച്ച് പ്രതിഷേധിച്ചത്. നാട്ടുകാരിലൊരാള്‍ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ് ഈ കുട്ടികള്‍.
