തിരുവനന്തപുരം (www.mediavisionnews.in): കേരളാ പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. സംസ്ഥാനത്തൊട്ടാകെ 1500ലധികം പൊലീസുകാരാണ് ആഭ്യന്തര അന്വേഷണത്തിന് വിധേയരായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ പലർക്കെതിരെയുമുണ്ട്.
സംസ്ഥാനത്തൊട്ടാകെ 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെയാണ് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകൾ പുറത്ത് വരുന്നത്. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. 1500 പോലീസുകാർക്കെതിരെ പരാതി ലഭിച്ചതിൽ 1129 പേർക്ക് വിവിധ കേസുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഏപ്രിലിൽ ഇത് കൂടുതൽ അന്വേഷണ വിധേയമാക്കിയതോടെ പട്ടിക പിന്നെയും ചുരുങ്ങി.
അതേസമയം പൊലീസിനുള്ളിലെ ക്രിമിനലുകളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ 387 ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. പട്ടികയിലെ 59 പേർക്കെതിരെ അതീവഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. സ്ത്രീകൾക്കുും കുട്ടികൾക്കും എതിരായ അതിക്രമം, വധശ്രമം, കൈക്കൂലി, പരാതിയുമായെത്തുന്നവരെ ഉപദ്രവിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഇതിൽ പെടും. ഡിവൈഎസ്പി, സിഐ, എസ്‌ഐ, എഎസ്‌ഐ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ലിസ്റ്റിൽ കോൺസ്റ്റബിൾ നിലവാരത്തിലുള്ള പോലീസുകാർക്കെതിരാണ് കൂടുതൽ. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിക്കഴിഞ്ഞു.