മാഡ്രിഡ്(www.mediavisionnews.in): ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്റെ ഫൈനലില്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കറ്റാലന്‍ സംഘം ഫൈനലിലെത്തിയത്. ബാഴ്‌സയ്ക്കായി സുവാരസ് രണ്ട് ഗോള്‍ നേടി. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനേല്‍ക്കേണ്ടി വന്നത് വലിയ പരാജയം.
ആദ്യ പകുതിയില്‍ ബാഴ്‌സലോണയെക്കാള്‍ റയല്‍ മാഡ്രിഡ് ആണ് മുന്നിട്ട് നിന്നതെങ്കിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഗാരത് ബെയ്‌ലിന്റെ അഭാവവും ആതിഥേയര്‍ക്ക് തിരിച്ചടിയായി. മറുവശത്ത് മെസിയും സുവാരസും പതിവ് പോലെ ബാഴ്‌സയുടെ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
അമ്പതാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലയുടെ പാസില്‍ സുവാരസിന്റെ മികച്ച ഫിനിഷിങ്ങ്. 69 ആം മിനിറ്റില് റാഫേല്‍ വരാനയുടെ ഓണ്‍ ഗോള്‍. ബാഴ്‌സക്ക് ലീഡ്, റയലിന് തിരിച്ചടി. ഇത്തവണ സുവാരസിനെ പെനാല്‍റ്റി ബോക്‌സില്‍ കസെമിറോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുവാരസ് തന്നെയാണ് ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്. 70 ആം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സുവാരസ് ബാഴ്‌സക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയവുമായാണ് ബാഴ്‌സയുടെ ഫൈനല്‍ പ്രവേശനം. വലന്‍സിയറയല്‍ ബെറ്റിസ് മത്സരവിജയിയെയാകും ബാഴ്‌സ കലാശപ്പോരില്‍ നേരിടുക.