മലപ്പുറം(www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.
മോഹന്‍ ഭാഗവതിനും വല്‍സന്‍ തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് മമത ബാനര്‍ജി മഹനീയ മാതൃകയാണ്. സി.പി.എമ്മിനെ തോല്‍പ്പിച്ചു എന്നതിന്റെ പേരില്‍ മാത്രം മമതയെ അംഗീകരിക്കാന്‍ കഴിയാതെ, ബംഗാളിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കാവിക്കൊടിയോടൊപ്പം ചെങ്കൊടി കൂട്ടിക്കെട്ടി സഖ്യമുണ്ടാക്കുകയും മമതക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്ന കേരളത്തിലെ സി.പി.എമ്മിന്റെ നിലപാട് ആരെ വെള്ളപൂശാനാണെന്നും മുനീര്‍ ചോദിച്ചു.
ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായി സി.പി.എം അധ:പതിച്ചിരിക്കുന്നു. ദുര്‍ബലമായ സി.പി.എം കേന്ദ്ര നേതൃത്വം ബി.ജെ.പിക്ക് വിടുപണി ചെയ്യുന്നവര്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ ഫെഡറലിസത്തിന് നേരെ ചൂണ്ടിയ വിരല്‍ മടക്കി ഒടിച്ചുവിടാന്‍ ഊരിപ്പിടിച്ച വാള്‍ ഇല്ലെങ്കിലും മമതാ ബാനര്‍ജിയുടെ ധീരമായ നിലപാട് ഇന്ത്യയിലെ ജനാധിപത്യം ശക്തികള്‍ക്ക് കരുത്തുപകരുന്നുവെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു.