ഇന്ത്യന്‍ തിരിച്ചടിയില്‍ രാഷ്ട്രീയം കലര്‍ത്തി ബിജെപി;സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ

0
216

ബെഗളൂരു(www.mediavisionnews.in): പാക് തീവ്രവാദ ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28 സീറ്റുകളില്‍ 22ഉം നേടാന്‍ ബി.ജെ.പിയെ സഹായിക്കുമെന്നും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ.

‘ഇന്നലെ നമ്മള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്ന തീവ്രവാദികളുടെ മൂന്ന് ക്യാമ്പുകള്‍ തകര്‍ത്തു. ഇത് രാജ്യമെമ്പാടും മോദി അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണും’ യെദ്യൂരപ്പ പറഞ്ഞു.

ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ അത് യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. അത് ഞങ്ങളെ 22ലേറെ ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ സഹായിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനുള്ള ധൈര്യം മോദി കാണിച്ചിരിക്കുകയാണ്. 40 രക്തസാക്ഷികളുടെ മരണത്തിന് പ്രതികാരവും ചെയ്തു. ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാക്കു പറഞ്ഞതുപോലെ താന്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിരിക്കുകയാണ്. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും.’ യദ്യൂരപ്പ പറഞ്ഞു.

നിലവില്‍ കര്‍ണാടകയില്‍ 16 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും പത്തു സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടുസീറ്റുകളില്‍ ജെ.ഡി.എസുമാണുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഒട്ടേറെ തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടത്. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ ആക്രമണം.

ഇതിനു പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here