ഇത് വീര ചരിതം; ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍

0
257

അബുദാബി (www.mediavisionnews.in)  : ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം.

ഇരുടീമും ആവേശത്തോടെ പന്ത് തട്ടിയെങ്കിലും ആദ്യപകുതി ഖത്തറിനൊപ്പമായിരുന്നു. 12-ാം മിനിറ്റില്‍ ആല്‍ മുഈസ് അലിയാണ് ഖത്തറികളെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റിലെ അലിയുടെ ഒമ്പതാം ഗോളായിരുന്നു അത്. മനോഹരമായ അക്രോബാറ്റിക്ക് കിക്കിലൂടെ ആയിരുന്നു ആദ്യ ഗോള്‍.

ആദ്യഗോള്‍ വീണ് 15 മിനിറ്റിന് ശേഷം ഖത്തര്‍ വീണ്ടും സാമുറായികളുടെ വല കുലുക്കി. പെനല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചറിലൂടെ അബ്ദുല്‍ അസീസ് ഹതീമാണ് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.A

എതിരാളികളുടെ കരുത്തും കുറവും മനസ്സിലാക്കിയുള്ള നീക്കമാണ് രണ്ട് ഗോളിന്റെ ആത്മവിശ്വാസം ഖത്തറിന് നല്‍കിയത്. എന്നാല്‍ രണ്ട് ഗോള്‍ വീണതോടെ സാമുറായികള്‍ ഉണര്‍ന്ന് കളിച്ചു.

രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് ജപ്പാന്‍ നടത്തിയത്. അതിന് ഫലവും ഉണ്ടായി. 69ാം മിനിറ്റില്‍ മിനാമിനോയിലൂടെ ജപ്പാന്‍ ഒരു ഗോള്‍ മടക്കി.

എന്നാല്‍ കളിയില്‍ തിരിച്ചുവരാമെന്ന ജപ്പാന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഖത്തറിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 83ാം മിനിറ്റില്‍ അക്രം അഫിഫ് വിജയമുറപ്പിച്ചു.

കളിക്കളത്തിന് പുറത്തെ ഉപരോധം കൊണ്ട് മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനാണ് കിരീട നേട്ടത്തിലൂടെ ഖത്തര്‍ മറുപടി നല്‍കിയത്.

ഖത്തറിനെ ഫൈനല്‍ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് യു.എ.ഇ സമര്‍പ്പിച്ച പരാതി എ.എഫ്.സി അവസാന നിമിഷം തള്ളിയിരുന്നു. ഫൈനലിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് പരാതി തള്ളിക്കൊണ്ടുള്ള പത്രക്കുറിപ്പ് എ.എഫ്.സി. പുറത്ത് വിട്ടത്.

2017 ല്‍ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനാണ് കിരീടനേട്ടത്തിലൂടെ ഈ രാജ്യം മറുപടി നല്‍കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here