അരിയില്‍‌ ഷൂക്കൂര്‍ വധക്കേസ്; പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല: എം സ്വരാജ്

0
316

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ, ഇരകളുടെ കുടുംബത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ ? എന്ന വിഷയത്തില്‍ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎല്‍എ. 

കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പി ജയരാജന്‍ പങ്കാളിയായിരുന്നെന്ന് വാര്‍ത്തകളില്‍ നിന്നറിയാന്‍ കഴിയുന്നെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. മാത്രമല്ല, ചേകന്നൂര്‍ മൌലവി കൊലക്കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പന്ത്രണ്ട് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ മുപ്പത്തിയാറ് സാക്ഷികളില്‍ മുപ്പത്തി നാല് പേരും കൂറുമാറിയത് കൊണ്ടാണ് കേസ് വിധിയാകാതെ പോയത്. പന്ത്രണ്ട് പേരെ കേസില്‍ അറസ്റ്റ് ചെയ്തു. 

അഭയാ കേസില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ഈ രണ്ട് കേസുകളിലും സിബിഐ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന അഭിമന്യു കൊലക്കേസിലെ ഏഴ് പ്രതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും എം എന്‍ കാരശ്ശേരി ആരോപിച്ചു. 

പൊലീസിന്‍റെ ജാഗ്രത കുറവാണ് കാസര്‍കോട് ഇരട്ടക്കൊല നടന്നത്. അതുകൊണ്ട് തന്നെ ഇരയുടെ ആളുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. സിബിഐ മോശമാണോ അല്ലേയോ എന്ന് സിബിഐ തീരുമാനിക്കേണ്ടെന്നും കൊലപാതകത്തില്‍ സിബിഐ അന്വേഷണം തുമ്പില്ലാതെ പോയാല്‍ സിപിഎമ്മിനെന്താണെന്നും അരിയില്‍ ഷുക്കൂറിന്‍റെ കേസ് സിബിഐക്ക് വിടാതിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കൊള്ളരുതായ്മയാണെന്നും അദ്ദേഹം പറഞ്ഞു.  ഇതിനു  മറുപടി  പറയവേയാണ് എം സ്വരാജ് ഷൂക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍‌ത്തവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടത്. 

സിബിഐ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയത് കൊണ്ടായില്ല. കോടതി അവരെ ശിക്ഷിച്ചാല്‍ മാത്രമേ കേസ് അന്വേഷണം വിജയമായിരുന്നെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് എം സ്വരാജ് പറഞ്ഞു. അഭയാകേസോ, ചേകന്നൂര്‍ മൗലവി കേസോ ഇതുവരെ ശിക്ഷിച്ചിട്ടില്ല. പ്രതികള്‍ കൂറുമാറിയത് കൊണ്ട് കേസ് തള്ളിപോകില്ല. അന്വേഷണം ശാസ്ത്രീയമായാല്‍ മതി. എന്നാല്‍ സിബിഐ, ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനില്‍ക്കില്ല. സിബിഐ ഒരു കേസ് കേരളത്തില്‍ തെളിയിച്ചിട്ടുണ്ടോ. അങ്ങേയറ്റം ദുഷ്പേരുണ്ടാക്കിയ ഏജന്‍സിയാണ് സിബിഐയെന്നും എം സ്വരാജ് ആരോപിച്ചു. 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രാഷ്ട്രീയ ലക്ഷ്യത്തേടെയാണ് കേരളാ പൊലീസ് പ്രതി ചേര്‍ത്തത്. സിപിഎം വിരോധം ഉള്ളത് കൊണ്ട് മാത്രമാണ് പി ജയരാജനെ പ്രതിചേര്‍ത്തത്. അതും 118 ആക്ട് പ്രകാരം പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഷുക്കൂര്‍ വധകേസിലെ പ്രതികള്‍. പൊലീസ് കൊടുത്ത കുറ്റപത്രം കോടതി മടക്കി. ആ കേസില്‍ സിബിഐ എത്രവേട്ട നടത്തിയാലും രണ്ട് നേതാക്കളും നിരപരാധികളാണെന്ന് എനിക്ക് പൂര്‍ണ്ണബോധ്യമുണ്ടെന്നും ഷൂക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്നും എം സ്വരാജ് എംഎല്‍എ പറഞ്ഞു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here