മലപ്പുറം (www.mediavisionnews.in): വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഗ് പ്രതിനിധികൾ വിജയിക്കുമെന്നു പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന് പുറമെ ബംഗാളിലും തമിഴ്‌നാട്ടിലും മുസ്ലിം ലീഗിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് സഖ്യത്തിലാകും ഇത്തവണ ബംഗാളിൽ ലീഗ് മത്സരിക്കുക. ഇതുപോലെ തമിഴ് നാട്ടിൽ നിന്നും ഇത്തവണ ലീഗ് പ്രതിനിധി ലോകസഭയിൽ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതെ സമയം ബംഗാളിൽ കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കുന്നതിന് സിപിഎമ്മിൽ തടസം സൃഷ്ടിക്കുന്നത് കേരളത്തിൽ നിന്നുളള ചില നേതാക്കൾ മാത്രമാണ് എന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
യുഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് മുസ്ലിം ലീഗ്. മൂന്നാം ലോകസഭാ സീറ്റെന്ന ആവശ്യം കാലങ്ങളായി ഉയർത്തുന്നുണ്ടെങ്കിലും കോൺഗ്രസ് ഇതിനോട് അനുകൂലമായി പ്രതികരിക്കാറില്ല. ഇക്കുറി മൂന്നാം സീറ്റിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധിക സീറ്റ് സംബന്ധിച്ച് മുന്നണിക്കകത്ത് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സീറ്റ് വിഭജനത്തിലേക്ക് കടക്കാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.