കാസര്‍ഗോഡ് (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ അനിശ്ചിതത്വം. കേസ് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിക്കുമെന്നും ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കേസ് വിജയിക്കുമെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ മുസ്‍ലിം ലീഗിലെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. മുസ്‍ലിം ലീഗ് കള്ളവോട്ട് നടത്തിയെന്നാരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പി.ബി അബ്ദുള്‍ റസാഖ് എം.എൽ.എ നിര്യാതനായത്. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
എന്നാല്‍ കേസ്സ് പിൻവലിക്കാൻ തയ്യാറാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍റെ പേര് സജീവമായി പരിഗണിക്കുമ്പോഴാണ് നിലപാട് മാറ്റി സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നാണ് സുരേന്ദ്രന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പറയുന്നത്. കേസ് പിന്‍വലിക്കുകയാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത.