ബൈക്കില്‍ രണ്ടു പേര്‍ മാത്രം മതി, 50 കിമീ വേഗതയും; മുന്നറിയിപ്പുമായി കേരള പൊലീസ്

0
226

കൊ​ച്ചി(www.mediavisionnews.in): ഏകദേശം നൂറോളം വാഹനാപകടങ്ങൾ ദിനംപ്രതി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 

കേരളത്തിന്‍റെ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണെന്ന് പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഇരുചക്രവാഹനം രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് ഡിസൈന്‍ ചെയ്‍തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം കാണാം.

ഇരുചക്രവാഹനത്തിൽ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യാൻ പാടില്ല. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയതിനാൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൗമാരക്കാരിൽ ചിലർ മൂന്നു പേർ ബൈക്കിലിരുന്ന് യാത്ര ചെയ്യുന്നത് കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.

യാത്രയിൽ നിര്‍ബന്ധമായും ഹെൽമറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാൻ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിൻസ്ട്രാപ് ഇടാതെ ഹെൽമറ്റ് ഉപയോഗിക്കുന്നത് ഹെൽമറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.

കേരളത്തിന്‍െറ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു എന്നുള്ളത് ഏവർക്കും അറിയാമെന്നുള്ള സത്യമാണ്.

ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡിന് ഇടതുവശം ചേര്‍ന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങൾക്കും .വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വേണ്ടിയുള്ളതാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.

ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനിയുടെ രൂപകൽപ്പനയിൽ അവരുടേതായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരുന്നാൽ അപകടം ഒഴിവാക്കാം.

വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെവരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക. സൈഡ് മിറര്‍-ഡ്രൈവറുടെ പിന്നിലെ കണ്ണ് പോലെ പ്രവര്‍ത്തിക്കുന്നു.

വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‍കാരം നമുക്ക് വളർത്തിയെടുക്കാൻ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാർത്ഥമായ പരിശ്രമം കൂടിയേ കഴിയൂ..

നമ്മുടെ റോഡുകള്‍ നമുക്കൊരുമിച്ച് സുരക്ഷിതമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here