കണ്ണൂര്‍(www.mediavisionnews.in): മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ പരാതിയുമായി ജെയിംസ് മാത്യു എംഎല്‍എ. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസും നല്‍കിയതായി എംഎല്‍എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പികെ ഫിറോസ് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത് വ്യാജരേഖയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടത്തിയതെന്നും. ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും ജെയിംസ് മാത്യു പറഞ്ഞു.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് അയച്ച കത്ത് എന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു കത്ത്
പി കെ ഫിറോസ് പുറത്തുവിട്ടിരുന്നു. നീലകണ്ഠന്റെ അനധികൃത നിയമനം ചൂണ്ടിക്കാട്ടി ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ഫിറോസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടേതെന്ന നിലയില്‍ യൂത്ത്ലീഗ് കത്ത് പുറത്തുവിട്ടത്. ഇത് വ്യാജരേഖയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ജെയിംസ് മാത്യു ആവശ്യപ്പെട്ടിരിക്കുന്നത്.