കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ പൊലീസിനോടു പറഞ്ഞതെന്നാണു വിവരം. കാഞ്ഞങ്ങാട് കോടതിയിലാണ് പീതാംബരന്‍ പൊലീസിനെതിരെ പറഞ്ഞത്.
ഒന്നാം പ്രതി പീതാംബരന്‍ , രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. കാസര്‍കോട് ഇരക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരൻ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവുലഹരിയിൽ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. കൊല്ലപ്പെട്ട ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സജി ജോർജായിരുന്നു. ഇന്റർലോക്ക് സ്ഥാപന ഉടമയായ ഇയാൾ വേറെയും കേസുകളിൽ പ്രതിയാണ്.