കാസര്‍കോട്(www.mediavisionnews.in): പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പൂട്ടാന്‍ സഹായിച്ച ഉന്നത പൊലീസ് ഓഫീസറെ സ്ഥലംമാറ്റി. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ് കോഴിക്കോട് ഡി.സി.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റിയത്.
ഡിവൈ.എസ്.പിയെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.
ഇരട്ട കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളിലേക്കെത്താന്‍ പ്രവര്‍ത്തിച്ചത് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തും ക്രൈംബ്രാഞ്ച് സി.ഐ അബ്ദുല്‍ റഹീമും ചേര്‍ന്നായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. അതിന്‌ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സി.പി.എം നേതാവ് എ. പീതാംബരനെയും മറ്റ് ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചതായും അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത അന്നുതന്നെ രഞ്ജിത്ത് ഇനിമുതല്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നിന്നും സന്ദേശം കാസര്‍കോട് എത്തിയിരുന്നു. സംഘത്തെ സഹായിച്ചിരുന്ന സി.ഐയോടും സംഘത്തില്‍ നിന്ന് മാറി പാനൂര്‍ സി.ഐ ആയി ചാര്‍ജെടുക്കാന്‍ നിര്‍ദേശം നല്‍കി.
ടി.പി. രഞ്ജിത്തിനെ സ്ഥലംമാറ്റിയ ഒഴിവില്‍ കോഴിക്കോട് ട്രാഫിക് ഡിവൈ.എസ്.പി എം.പി. വിനോദിനെ കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്ബ് ഡിവൈ.എസ്.പി പി.കെ. സുധാകരനെ കോഴിക്കോട് ട്രാഫിക്കിലേക്ക് മാറ്റിയിട്ടുണ്ട്.