കൊച്ചി(www.mediavisionnews.in): ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പണം തട്ടുന്ന കേസുകളിൽ ധന നഷ്ടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ബാങ്കുകൾക്കായിരിക്കുമെന്ന് കേരളം ഹൈക്കോടതി വിധിച്ചു. പണം പിൻവലിക്കുന്നത് ഉടൻ തന്നെ അക്കൗണ്ട് ഉടമകളെ എസ്. എം . എസ് അലർട്ട് വഴി അറിയിക്കുന്നുണ്ടെന്ന വാദം കോടതി നിരാകരിച്ചു. ഇത്തരത്തിൽ അക്കൗണ്ട് ഉടമയുടെ പണം നഷ്ടമായാൽ, ബാധ്യത ബാങ്കിനാണ്. ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ബാങ്കിനാണെന്ന് കോടതി വിധിച്ചു. എസ് എം എസിനോട് പ്രതികരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പരാതിപെട്ടില്ലെന്ന ന്യായീകരണം നിലനില്കുന്നതല്ലെന്ന് കോടതി പ്രസ്താവിച്ചു.
ബ്രസീലിൽ ജോലി ചെയ്യുന്ന പാല സ്വദേശിയായ പി. വി ജോർജിന്റെ പരാതിയിലാണ് കേരള ഹൈക്കോടതി ഈ ഉത്തരവ് നൽകിയത്. 2012 മാർച്ച് 22നും 26നുമിടയിൽ 14 തവണകളായി ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽ നിന്നും 240,910 രൂപ പിന്വലിക്കപ്പെട്ടിരുന്നു. എന്നാൽ പരാതിപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ കൈമലർത്തുകയായിരുന്നു. പാല സബ് കോടതി ബാങ്കിന്റെ വാദം തള്ളി അക്കൗണ്ട് ഉടമക്ക് അനുകൂലമായ വിധി നൽകി. ഇതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ നൽകിയ അപ്പീലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ തള്ളിയത്.
എസ് എം എസ് അലർട്ടിനോട് പ്രതികരിച്ചില്ലെങ്കിൽ ബാങ്ക് ഉത്തരവാദിയല്ലെന്ന് ഒരു കരാറിലും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഉപഭോക്താവിനാണ് ബാധ്യത എന്ന വാദം നിലനിൽക്കുന്നതല്ല. എസ് എം എസ് അറിയിപ്പുകൾ എല്ലാം ഉടൻ ശ്രദ്ധിക്കണമെന്നില്ല. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലും സാങ്കേതിക പ്രശ്നം ഉണ്ടെങ്കിലും എസ് എം എസ് ലഭ്യമാകണമെന്നില്ല.ഇത്തരം ഘട്ടങ്ങളിൽ ഇടപാടുകാരന് പെട്ടെന്ന് പ്രതികരിയ്ക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും കോടതി നിരീക്ഷിച്ചു.
അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കുന്നത് തടയാൻ വേണ്ട കരുതൽ നടപടികൾ ബാങ്ക് സ്വീകരിക്കണം. ഇടപാടുകാര്ന്റെ താല്പര്യം സംരക്ഷിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണം. പണം നഷ്ടമായാൽ ഉത്തരവാദി ബാങ്ക് മാത്രമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.