സൗദിയില്‍ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി; മുസ്ലിം ആയിരുന്നെങ്കില്‍ വധശിക്ഷ നല്‍കുമായിരുന്നെന്ന് കോടതി

0
194

റിയാദ്(www.mediavisionnews.in): പ്രവാചകനെതിരെയും സൗദി നിയമ വ്യവസ്ഥയ്ക്കെതിരെയും മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മലയാളിയുടെ ശിക്ഷ സൗദി കോടതി ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശിയായ വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇത് പത്തുവര്‍ഷമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.

സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. പ്രവാചകനെയും ഇസ്ലാമിനെയും സൗദിയിലെ നിയമ സംവിധാനങ്ങള്‍ക്കെതിരെയും ഇയാള്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചത്. നിലവില്‍ ഒരു വര്‍ഷത്തോളമായി വിഷ്ണു ദേവ് ജയിലില്‍ കഴിയുകയാണ്.

എന്നാല്‍ വിധിയില്‍ ശിക്ഷ കുറഞ്ഞുപോയെന്നും പുനഃപരിശോധിക്കണമെന്നും അപ്പീല്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്മാം ക്രിമിനല്‍ കോടതിയുടെ മൂന്നംഗ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചത്. 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. വിഷ്ണു ദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കുമായിരുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തലവന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുസ്ലിം അല്ലാത്തത് കൊണ്ട് ശിക്ഷയില്‍ ചെറിയ ഇളവ് നല്‍കുകയാണെന്നും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഷ്ണു ദേവിന്റെ മോചനത്തിനായി നാട്ടിലെ ബന്ധുക്കള്‍ എംബസി വഴി ശ്രമം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ ഇരട്ടിയാക്കിക്കൊണ്ടുള്ള വിധികൂടി പുറത്തുവരുന്നത്. സൗദിയില്‍ ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയ ശേഷം ഒരു ഇന്ത്യക്കാരൻ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായിരുന്നു വിഷ്ണു ദേവിന്റേത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here