വൈദ്യുതിനിരക്ക് കൂട്ടാൻ ധാരണ: വർധന 18-ന് പ്രഖ്യാപിക്കും

0
212

തിരുവനന്തപുരം(www.mediavisionnews.in):: വൈദ്യുതിനിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. നിരക്ക് കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കൂട്ടിയ നിരക്കുകള്‍ 18ന് പ്രഖ്യാപിക്കും.

എത്ര ശതമാനം വര്‍ധനവ് വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല .നാലു വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ചു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ നിരക്കിനാണു സാധ്യത.

ഈ വര്‍ഷം 1100 കോടി രൂപയും 2020 – 21 വര്‍ഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്കു വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ നിരക്ക് ഈ സാമ്പത്തിക വര്‍ഷം 2.90 രൂപയില്‍ നിന്നു 3.50 രൂപയായും 100 യൂണിറ്റു വരെയുള്ളവരുടെ നിരക്ക് 3.40ല്‍ നിന്ന് 4.20 രൂപയായും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 40 യൂണിറ്റില്‍ താഴെയുള്ളവരുടെ നിരക്കു വര്‍ധിപ്പിക്കാന്‍ നിര്‍ദേശമില്ല.

ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. ഇവ രണ്ടും ചേര്‍ത്ത് ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ഈ വര്‍ഷം സിംഗിള്‍ ഫേസിന് ആദ്യ 50 യൂണിറ്റിന് ഫിക്‌സഡ് നിരക്ക് 30 രൂപയില്‍നിന്നു 35 രൂപയും അതിനു മുകളിലുള്ളവര്‍ക്കു മുപ്പതില്‍ നിന്നു 40 രൂപയും ആയി ഉയര്‍ത്തണമെന്നാണ് ബോഡിന്റെ ആവശ്യം.

കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്.

ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ചുവരെ നീട്ടി. 18-ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം നല്‍കാനും സാധ്യതയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here